പാലക്കാട്: അട്ടപ്പാടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. യുവാവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. യുവാവിന്റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.
ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ: ട്രൈബല്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.