തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമക്കേണ്ടി വന്ന സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ദൂരത്തിന്റെ കണക്ക് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഓഫീസിൽ മാധ്യമ പ്രവർത്തകരിൽ ചിലർ വിളിച്ചു ചോദിച്ചപ്പോഴുണ്ടായ ആശയ കുഴപ്പമാണ് ഉണ്ടായത്. അട്ടപ്പാടി വിദൂര ഊരുകളിൽ ഗതാഗത സംവിധാനത്തിൽ പോരായ്മ ഉണ്ട്. ആ പോരായ്മ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കടുകുമണ്ണയിൽ ഗർഭിണിയെ 300 മീറ്റർ മാത്രമാണ് തുണിയിൽ കെട്ടി ചുമന്നതെന്നായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ സംഭവം പുറത്തു കൊണ്ടു വന്നവരെ കളിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്ന് വികെ ശ്രീകണ്ഠൻ എംപി കുറ്റപ്പെടുത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് യുവതിയുടെ ഭർത്താവ് മുരുകനും പ്രതികരിച്ചു.
അർദ്ധരാത്രി പ്രസവവേദന അനുഭവപ്പെട്ട കടുകുമണ്ണ ഊരിലെ ആദിവാസി യുവതിയെ തുണിയിൽ കെട്ടി ചുമന്ന് കിലോമീറ്ററോളം വനത്തിലൂടെ നടന്ന് ആശുപത്രിയിൽ എത്തിച്ച സംഭവം പുറം ലോകമറിഞ്ഞതോടെയാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. കടുകുമണ്ണയിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ യാത്രാ ദുരിതമില്ലെന്നും കിലോമീറ്ററുകൾ തുണിയിൽ കെട്ടി ചുമന്നുവെന്നത് തെറ്റെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രി ഒരിക്കൽ എങ്കിലും ഇവിടെ എത്തിയിരുന്നെങ്കിൽ ഇത്തരം പ്രസ്താവന നടത്തില്ലായിരുന്നുവെന്നുമാണ് ജനപ്രതിനിധികളും ഊരുവാസികളും പറയുന്നത്.
കടുകുമണ്ണ ഊരിൽ നിന്ന് പുഴയ്ക്ക് കുറുകെയുള്ള പാലം വരെ എത്താൻ തന്നെ 900 മീറ്റർ ദൂരമുണ്ട്. ഇതു കഴിഞ്ഞ് ആനവായി വരെ വനത്തിലൂടെ 3.5 കിലോമീറ്റർ. മന്ത്രി പറഞ്ഞ പോലെ 300 മീറ്റർ ദൂരത്ത് ആംബുലൻസ് വരികയാണെങ്കിൽ ഗർഭിണിയെ കെട്ടിപ്പൊതിഞ്ഞ് ചുമക്കേണ്ടി വരുമായിരുന്നില്ലെന്ന് യുവതിയുടെ ഭർത്താവ് മുരുകൻ ഉൾപ്പെടെയുള്ളവർ പറയുന്നു.