അട്ടപ്പാടിയില്‍ പ്രത്യേക കരുതലുമായി സര്‍ക്കാര്‍; സ്വയം പര്യാപ്തരാക്കാന്‍ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ശുപാര്‍ശ. അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകള്‍ സന്ദര്‍ശിച്ച പട്ടികജാതി – പട്ടികവര്‍ഗ മന്ത്രി കെ.രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളെ യോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതികള്‍ പലതുണ്ടെങ്കിലും ഊരുനിവാസികള്‍ക്കു പ്രയോജനം കിട്ടണമെങ്കില്‍ കൃത്യമായ ഏകോപനവും നിരീക്ഷണവും വേണം. ഏകോപനത്തിനായി ഉന്നത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചാല്‍ നടപടികള്‍ വേഗത്തിലാകും. 3 മാസം കൂടുമ്പോള്‍ വകുപ്പുകളുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം.

ഊരുനിവാസികള്‍ക്കായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനൊപ്പം അവരെ സ്വയംപര്യാപ്തരാക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. സമൂഹ അടുക്കളയടക്കം ഉണ്ടെങ്കിലും തന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആഹാരം കഴിക്കണമെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനാകണം. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മാസവരുമാനം ഉറപ്പു വരുത്തണം.

ഊരുകളില്‍ ഐടിഐ, പോളിടെക്‌നിക്, നഴ്‌സിങ് കോഴ്‌സുകള്‍ കഴിഞ്ഞ കുട്ടികള്‍ക്കു പെട്ടെന്നു ജോലി കിട്ടുന്നതിനു നടപടി എടുക്കണം. മാന്യമായ വേതനം ഇവര്‍ക്കു നിശ്ചയിക്കണം. മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.

മദ്യനിരോധിത മേഖലയാണെങ്കിലും അട്ടപ്പാടിയില്‍ വ്യാജമദ്യം വലിയ തോതില്‍ ഒഴുകുന്നുണ്ട്. കോളനികളിലെ യുവാക്കളും കുട്ടികളും വ്യാജമദ്യത്തിന് അടിമപ്പെട്ട് നശിക്കുന്നു. ലഹരി മരുന്നടങ്ങിയ സ്റ്റിക്കര്‍ നാക്കിനടിയില്‍വച്ച് ഭക്ഷണം കഴിക്കാതെ കഴിയുന്നവരുണ്ട്. വലിയ ബോധവല്‍ക്കരണവും ഫലപ്രദമായ ഇടപെടലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തണം.

അങ്കണവാടികളുടെ നില മെച്ചപ്പെടുത്തണം. വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും കക്കൂസ് നിര്‍മിക്കാനും നടപടി വേണം. ആശുപത്രികളില്‍ ആധുനിക സൗകര്യം വേണം. ചികിത്സ തേടി എത്തുന്നവരെ ഇപ്പോള്‍ മറ്റു ആശുപത്രികളിലേക്കു റഫര്‍ ചെയ്യുകയാണ്. ആശുപത്രിയിലെത്തുന്ന 80 ശതമാനത്തിനെങ്കിലും അട്ടപ്പാടിയില്‍തന്നെ ചികില്‍സ നല്‍കാന്‍ പറ്റണം.

ഇക്കാര്യം ആരോഗ്യവകുപ്പുമായി ആലോചിക്കണം. മേഖലാ അടിസ്ഥാനത്തില്‍ അല്ലാതെ പ്രശ്‌നം അനുസരിച്ച് ഫണ്ട് ചെലവഴിക്കണം. ആദിവാസികളുടെ ജീവിതം മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന സംഘടനകളുടെ സേവനം തേടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Top