തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. അപമാനകരമായ പ്രവര്‍ത്തനമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
കൊലക്കേസ് പ്രതികളോട് ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്. പൊലീസ് റിപ്പോര്‍ട്ട് വായിച്ച മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു.
ഭൂമാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസ്റ്റ് ചെയ്ത മുരുകന്‍. അട്ടപ്പാടിയിലെ ചരിത്രത്തില്‍ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് രാജ്. അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഉപകരണമായി പൊലീസ് മാറിയെന്നും സതീശന്‍ ആരോപിച്ചു.