കൊച്ചി: ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ ഉണ്ടാകണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനെയാണ് കോടതിയുടെ പരാമര്‍ശം.
ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരി സുബിനയെയാണ് സ്‌കൂട്ടറിലിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വണ്ടാനത്തെ മെഡിക്കല്‍ കോളജില്‍ നിന്ന് 17 കിലോ അകലെ തൃക്കുന്നപ്പുഴ പാനൂര്‍ ഭാഗത്തുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ ഭാഗത്തേക്കുള്ള റോഡില്‍ പല്ലന ഭാഗത്ത് എത്തിയപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട സുബിനയുടെ സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിക്കുകയും മറിയുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിലെത്തിയവര്‍ സുബിനയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് വാഹനം എത്തിയത് കണ്ട പ്രതികള്‍ തോട്ടപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ടു. കഴുത്തിന് മുറിവേറ്റതിനാല്‍ സുബിന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഷോക്കിലുമാണിവര്‍. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് ഇടപെട്ടില്ലെന്നും രാത്രി തന്നെ അന്വേഷണം നടത്തിയിരുന്നെങ്കില്‍ പ്രതികളെ പിടികൂടാമായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് നവാസ് പറഞ്ഞിരുന്നു. രക്ഷതേടി പോയ വീട്ടില്‍നിന്നിറങ്ങി യുവതി പൊലീസിന് മുമ്പിലേക്ക് തിരിച്ചെത്തിയപ്പോള്‍ നാളെ അന്വേഷിക്കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ഭര്‍ത്താവ് കുറ്റപ്പെടുത്തിയിരുന്നു.