ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചൈന സ്വദേശി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ചില ടിബറ്റന്‍ സന്യാസിമാരെ പണം കൊടുത്തു വശത്താക്കി ദലൈലാമയുടെയും സംഘാങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതായാണ് കണ്ടെത്തിയത്. ഡല്‍ഹിയിലെ മഞ്ജു കാ ടിലയില്‍ താമസിക്കുന്ന ചിലര്‍ക്ക് രണ്ടു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പണം കൈപ്പറ്റിയവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ചാര്‍ലി പെങ് എന്ന കള്ളപ്പേരില്‍ ഡല്‍ഹിയില്‍ കഴിയുന്ന ലുഒ സാങ്ങിനെ ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് ഡല്‍ഹി ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്തത്. ചൈനീസ് കമ്പനികളുടെ പേരില്‍ ലുഒയും കൂട്ടരും നാല്‍പ്പതോളം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും ഇവയിലൂടെ 1000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നുമാണ് ആദയനികുതി വകുപ്പ് പറയുന്നത്. 2018ല്‍ ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്.
ഇപ്പോള്‍ ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. നേപ്പാളില്‍നിന്ന് അനധികൃതമായി 2014ലാണ് ഇയാള്‍ ഇന്ത്യയിലേക്കു കടന്നെന്നാണ് വിവരം. മിസോറാം സ്വദേശിയായ സ്ത്രീയെ വിവാഹം കഴിക്കുകയും മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ സ്വദേശി എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് കരസ്ഥമാക്കുകയും ചെയ്തു. ഈ പേരില്‍ തന്നെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലുഒയ്ക്ക് ഉണ്ട്. ലുഒ സാങ്ങിന്റെ ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ വഴിയാണ് ടിബറ്റന്‍ സന്യാസിമാര്‍ക്ക് പണം കൈമാറിയതെന്നാണ് ആദയനികുതി വകുപ്പ് നല്‍കുന്ന വിവരം.
ചൈനീസ് ആപ്പായ വി ചാറ്റിലൂടെയാണ് ഈ സംഘം ആശയവിനിമയം നടത്തിയിരുന്നത്. പണമിടപാടുകളില്‍ ഇവരെ സഹായിക്കാന്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റെ സഹായം ലഭിച്ചിട്ടുണ്ട്. 40ഓളം ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 300 കോടിയോളം രൂപ ഈ അക്കൗണ്ടുകള്‍ വഴി കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ചൈനീസ് കമ്പനികളെ മുന്‍നിര്‍ത്തിയാണ് ഈ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഇവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.