തൃശ്ശൂര്‍: ബിജെപിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് സുരേഷ് ഗോപിയുടെ ശ്രമമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണ്. ക്ഷേത്രങ്ങളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും വിജയരാഘവന്‍ തൃശ്ശൂരില്‍ പറഞ്ഞു.
സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. വിഷുവും വിശ്വാസവുമല്ല ഈ വിഷയത്തില്‍ കാണേണ്ടത്. വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് കൂട്ടിയിണക്കേണ്ടതുമില്ല.
സുരേഷ് ഗോപി ഒരു ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമാണ്. യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സാധാരണ ബിജെപി നേതാക്കള്‍ ചെയ്യുന്ന രീതിയിലല്ല, തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍. അതിന്റെ ഭാഗമായുള്ള നാടകീയതയുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.