ഭേദഗതി ചെയ്ത പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും, അവരവരുടെ മണ്ഡലങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും മഹാരാഷ്ട്ര വികാസ് അഗഡിയുടെ യോഗത്തില്‍ ഉദ്ധവ് ആവശ്യപ്പെട്ടു.
‘രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഡല്‍ഹിയില്‍ ഉള്ളവര്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’, മഹാരാഷ്ട്ര മുഖ്യമന്ത്രി അഘാഡി നേതാക്കളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ സമ്മര്‍ദത്തിലും, ഭയത്തിലും നിര്‍ത്തുന്നു. തീപടര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതൊന്നും നമ്മുടെ മണ്ഡലങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകരുത്. സഭാ സമ്മേളനം കഴിഞ്ഞാല്‍ നമ്മുടെ പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കാന്‍ ശ്രമിക്കണം’, ഉദ്ധവ് ചൂണ്ടിക്കാണിച്ചു.
എന്‍സിപി നേതാവ് അജിത് പവാറും യോഗത്തില്‍ പങ്കെടുത്തിരുന്നു. പുതിയ പൗരത്വ നിയമം ആട്ടിയോടിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കുമെന്ന് മുന്‍ സഖ്യകക്ഷികളായ ബിജെപിയെ ഉദ്ധവ് വിമര്‍ശിച്ചു. സിന്ധു നദി മുതല്‍ കന്യാകുമാരി വരെ ഒരൊറ്റ രാജ്യമാക്കി മാറ്റാനുള്ള വി.ഡി സവര്‍ക്കറുടെ ശ്രമങ്ങളെ അപമാനിക്കലാണിത്, ഉദ്ധവ് ആരോപിച്ചു.
യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പൗരത്വ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും താക്കറെ പ്രതികരിച്ചു.