എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയതുറ പോലീസിന്റെ നോട്ടീസ്. മൊഴി രേഖപ്പെടുത്തുന്നതിനായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. വലിയതുറ ഇൻസ്പെക്ടർ സതി കുമാറാണ് നോട്ടീസ് നൽകിയത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.