കൊച്ചി: എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി പനമ്പിളളി നഗർ മനോരമ ജങ്ഷനിലുളള എസ്ബിഐ സിഡിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ഷഫീറിനെയാണ് (20) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മനോരമ ജങ്ഷനിലുളള എടിഎം തകർത്ത് മോഷണ ശ്രമം ഉണ്ടായത്. ക്യാബിനുളളിൽ കടന്ന രണ്ട് പ്രതികൾ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ടൂൾസും ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ മുബൈയിലുളള കൺട്രോൾ റൂമിൽ അലർട്ട് കിട്ടിയതിനെ തുടർന്ന് പൊലീസ് കൺട്രോളിൽ വിവരം ലഭിക്കുകയും പൊലീസ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട പ്രതികൾ കടന്ന് കളഞ്ഞു. എടിഎം മെഷീനിന്റെ പകുതി തകർത്ത നിലയിലായിരുന്നു.
എറണാകുളം എസിപി പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതികൾ സംഭവ സമയം ക്യാപ്പ് ധരിച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാൻ കഴിയാതെ വന്നതിനെ തുടർന്ന് സമീപത്തുളള മുഴുവൻ സിസിടിവി ഫൂട്ടേജുകളും പൊലീസ് പരിശോധിച്ചു. ഇതിൽ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ മുൻപ് ഇതേ എടിഎമ്മിൽ ഉപയോഗിച്ച പ്രിപെയ്ഡ് കാർഡിന്റെ വിവരങ്ങൾ ലഭിച്ചു. ഇത് പ്രതികളിലേക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷനും മറ്റും ഉപയോഗിച്ചുള്ള പരിശോധനയിൽ പ്രതി കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയും തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വാഹന മോഷണ കേസുണ്ട്. സിസിടിവി ടെക്‌നീഷ്യൻ കോഴ്‌സ് കഴിഞ്ഞിട്ടുളള ഇയാൾ, ആ അറിവ് വച്ചാണ് അലാറം ഓഫ് ചെയ്തത്.