ഗവര്‍ണറെ സംയുക്തമായി അപമാനിക്കാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും ഗവര്‍ണര്‍ ബിജെപിയുടേയോ ബിജെപി ഗവര്‍ണറുടേയോ വക്താക്കളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണര്‍ ഉന്നയിച്ചത് പ്രസക്തമായ വിഷയമാണ്. പേഴ്സണല്‍ സ്റ്റാഫിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാട് തുറന്ന് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കൊടുക്കുന്ന സമ്പ്രദായം രാജ്യത്ത് മറ്റെവിടെയുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും ഗവര്‍ണര്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ. അത്തരമൊരു ആരോപണം താന്‍ കേട്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഹരി എസ് കര്‍ത്ത ബിജെപിയുടെ സംസ്ഥാന സമിതി അംഗമാണോയെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ വിളിച്ച് അന്വേഷിച്ച് നോക്കിയാല്‍ മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.