കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ‘കം സെപ്തംബര്‍’ എന്ന ലേഖനം ഉള്‍പ്പെടുത്തിയതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിനു പിന്നിലെ ലക്ഷ്യം ക്യാമ്പസുകളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. കാശ്മീരില്‍ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടന്‍ പിന്‍വലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വന്‍ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. പാഠഭാഗത്തിന്റെ തുടക്കത്തില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റര്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്.
അക്ഷരത്തെറ്റിന്റെ പേരില്‍ മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്ന പിണറായി സര്‍ക്കാര്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.