ന്യൂഡല്‍ഹി: റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി അഡ്വക്കേറ്റ് ജനറല്‍ കെ.കെ.വേണുഗോപാല്‍. രേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചുവെന്നാണ് വാദിച്ചതെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃപരിശോധന ഹര്‍ജിക്കായി സമര്‍പ്പിച്ച രേഖകള്‍ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ അവയെ ആശ്രയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ പറഞ്ഞത്. ഈ രേഖകള്‍ ഹാജരാക്കിയതിലൂടെ കുറ്റകരമായ പ്രവൃത്തിയാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.
പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് രേഖകള്‍ മോഷ്ടിച്ചത് നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ രൂക്ഷമായ വിമർശനമാണ് ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് എജിയ്ക്ക് കേൾക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗിക രഹസ്യനിയമത്തിന്‍റെ പേരിൽ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
ഇതിന്‍റെ പേരിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു.