തിരുവനന്തപുരം: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാലയ്ക്കായി നഗരത്തിലെ നിരത്തുകളെല്ലാം ഒരുങ്ങി. ഇന്ന് രാവിലെ പത്ത് മണിക്ക് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും.
കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചുകഴിഞ്ഞാലുടൻ ശ്രീകോവിലിൽനിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപംപകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതിന് പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നാളെ പുലർച്ചെ ഒരുമണിക്ക് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കണം. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ഇന്ന് റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തും.