ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇക്കുറിയും വിമാനത്തില്‍ നിന്നും പുഷ്പവൃഷ്ടിയുണ്ടാവും

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും വിമാനത്തില്‍ നിന്നും പുഷ്പവൃഷ്ടിയുണ്ടാവും. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ നിന്നുള്ള സെസ്ന 172-R വിഭാഗത്തിലുള്ള ചെറുവിമാനങ്ങളില്‍ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. കഴിഞ്ഞ 40 വര്‍ഷങ്ങളായി നടത്തിവരുന്ന ചടങ്ങാണിത്.

ക്ഷേത്രത്തിന് സമീപത്ത് വാഹന പാര്‍ക്കിംഗ് നിരോധിച്ചിരിക്കുകയാണ്. റെയില്‍വെയും കെഎസ്ആര്‍ടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സര്‍വ്വീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി നഗരത്തിലുടനീളം പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ നാളെ രാത്രി എട്ട് മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. ഞായറാഴ്ച്ച ആയതിനാല്‍ മുന്‍വര്‍ഷത്തേക്കാളെറെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

രാവിലെ 10.30 നാണ് പൊങ്കാല അടുപ്പില്‍ തീപകരുന്നത്. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. ഇതിന് തൊട്ടുമുമ്പുള്ള സമയത്താണ് വിവിധ നിറത്തിലുള്ള പൂക്കളുമായി ക്യാപ്റ്റന്‍ കെ ടി രാജേന്ദ്രന്‍, ക്യാപ്റ്റന്‍ ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടുവിമാനങ്ങള്‍ എത്തുക. വിമാനങ്ങളില്‍ ഒന്ന് ക്ഷേത്രവളപ്പിലേക്കും രണ്ടാമത്തെത് നഗരത്തിന് മുകളിലുള്ള ആകാശത്ത് കറങ്ങിയുമാണ് പൊങ്കാല കലങ്ങളിലേക്ക് പുഷ്പം വിതറുക.

Top