ആറ്റുകാല്‍ പൊങ്കാല ഇത്തവണയും പണ്ടാര അടുപ്പിലും വീടുകളിലും മാത്രമാകും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇത്തവണയും പണ്ടാര അടുപ്പിലും വീടുകളിലും മാത്രമാകും. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന.

കഴിഞ്ഞപ്രാവശ്യത്തെ പോലെ ഇത്തവണയും ക്ഷേത്രത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാലയുണ്ടാകുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

നേരത്തെ 200 പേര്‍ക്കും പിന്നീട് 1500 പേര്‍ക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്ര പരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഇളവ് വേണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി.

ഇപ്പോള്‍ കൊവിഡ് കുറഞ്ഞ് വരികയാണെങ്കിലും പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണത്തിലെടുത്താണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചതെന്ന് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലന്‍ നായര്‍ വ്യക്തമാക്കി.

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്ഷേത്രത്തില്‍ നിന്നും പൂജാരിരെയും നിയോഗിക്കില്ല. മറ്റന്നാളാണ് പൊങ്കാല. രാവിലെ പത്ത് അന്‍പതിനാണ് പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നത്. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

Top