തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10.20നാണ് പൊങ്കാല അടുപ്പില്‍ തീ പകരുന്നത്. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം. ഇതിനകം തന്നെ ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്ന് കഴിഞ്ഞു. സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ക്രമീകരണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയിടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിളെല്ലാം പൊങ്കാല അടപ്പുക്കല്ലുകള്‍ വച്ചിരിക്കുകയാണ്. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാന്‍ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങള്‍ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു.
സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ 112 എന്ന ടോള്‍ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്.