Audi Q7 reached in India

ന്യൂഡല്‍ഹി: ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ പുതിയ ക്യൂ സെവന്‍ ആഡംബര എസ്.യു.വി ഇന്ത്യന്‍ വിപണിയിലെത്തി. 7.1 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ പുതിയ ക്യൂ സെവന് കഴിയും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് (ലിറ്ററിന് 14.75 കിലോമീറ്റര്‍) ആണ് വാഗ്ദാനം ചെയ്യുന്നത്.

73.67 ലക്ഷം മുതല്‍ 79.28 ലക്ഷം വരെയാവും ഇന്ത്യയിലെ ഏകദേശവില. 249 ഹോഴ്‌സ്പവര്‍ കരുത്തും 600 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കും നല്‍കുന്ന മൂന്നുലിറ്റര്‍ ടി.ഡി.ഐ എന്‍ജിനാണ് കാറിലുള്ളത്. മണിക്കൂറില്‍ 234 കി.മിയാണ് പരമാവധി വേഗം.

വാഹനത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായ ഡൈനമിക് ഇന്ററാക്ടീവ് മാട്രിക്‌സ് എല്‍.ഇ.ഡി ലൈറ്റുകള്‍ ക്യാമറയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സെന്‍സറുകളുടെ സഹായത്തോടെ വാഹനം സ്വയം പാര്‍ക്കുചെയ്യുന്ന ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് പകരം 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഫോക്കസ്ഡ് ഡിസ്‌പ്ലെ ഉള്‍പ്പെടുന്ന ഔഡി വെര്‍ച്വല്‍ കോക്പിറ്റ് ( ഡ്രൈവര്‍ക്കുവേണ്ട എല്ലാ വിവരങ്ങളും ഇതില്‍നിന്ന് ലഭിക്കും), ബോസ് 3 ഡി സൗണ്ട് സിസ്റ്റം തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.

എട്ട് എയര്‍ബാഗുകളാണ് വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നത്. വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, പുക്കന്‍ ഭാവം നല്‍കുന്ന ഷോള്‍ഡര്‍ലൈന്‍ തുടങ്ങിയവയാണ് കാഴ്ചയില്‍ ക്യൂ സെവന്റെ ആകര്‍ഷണങ്ങള്‍. രണ്ടും മൂന്നും നിരയിലുള്ള സീറ്റുകള്‍ മടക്കിവച്ചാല്‍ ലഗേജ് സ്‌പെയ്‌സ് വര്‍ധിപ്പിക്കാം. 1955 ലിറ്റര്‍ സ്‌പെയ്‌സാവും ലഗേജ് സൂക്ഷിക്കുന്നതിനുവേണ്ടി ഇത്തരത്തില്‍ ലഭിക്കുക. കേരളത്തില്‍ കോഴിക്കോട്ടും കൊച്ചിയിലും ഔഡി ഷോറൂമുകളുണ്ട്.

Top