പ്രേമലുവിലെ ഗാനത്തിന്റെ കണ്ടിന്യൂറ്റി മിസ്റ്റേക്കിനെക്കുറിച്ച് പ്രേക്ഷകന്‍; തെറ്റായിരുന്നുവെന്ന് സംവിധായകന്‍

തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ് പ്രേമലു. ഇപ്പോഴിതാ സിനിമയില്‍ സംഭവിച്ച തെറ്റ് ഒരു പ്രേകഷകന്‍ ചൂണ്ടിക്കാട്ടിയതും അതിന് സംവിധായകന്‍ ഗിരീഷ് എ ഡി നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ ‘മിനി മഹാറാണി’ എന്ന ഗാനത്തില്‍ സംഭവിച്ച ഒരു കണ്ടിന്യൂറ്റി മിസ്റ്റേക്കിനെക്കുറിച്ച് വൈശാഖ് പി വി എന്ന പ്രേക്ഷകന്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടു. പിന്നാലെ അത് ഒരു തെറ്റായിരുന്നുവെന്ന് ഗിരീഷ് എ ഡി മറുപടി നല്‍കുകയും ചെയ്തു.

ഗിരീഷിന്റെ ഈ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സിനിമകള്‍ പരാജയപ്പെടുന്നതിന് പ്രേക്ഷകരെയും റിവ്യൂവര്‍മാരെയും പഴിക്കുന്ന കാലത്താണ് ഗിരീഷ് എ ഡി എന്ന സംവിധായകന്‍ തന്റെ സിനിമയിലെ അബദ്ധം തുറന്നു സമ്മതിക്കുന്നത്. മറ്റുള്ളവര്‍ അദ്ദേഹത്തെ കണ്ടുപഠിക്കണമെന്ന് പ്രേക്ഷകര്‍ പറയുന്നു. ഒപ്പം ഗിരീഷിനെ നിരവധിപ്പേര്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. വൈശാഖ് എന്ന പ്രേക്ഷകനും ഗിരീഷിന്റെ മറുപടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വൈശാഖിന്റെ കുറിപ്പ്

‘സത്യത്തില്‍ ഞാന്‍ ഇന്നലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഇട്ടതാണ് ഈ പോസ്റ്റ്.  Premalu continuity mistake. പ്രതികരണം അറിയാന്‍ വേണ്ടി ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ ഇടുന്നതിന്റെ കൂടെ മറ്റൊരു ഗ്രൂപ്പിലും ഇട്ടു. ഇട്ട പാടെ ഞാന്‍ എയറില്‍ പോയി. പിന്നെ അങ്ങോട്ട് ഫുള്‍ അലക്കായിരുന്നു. ഇത് പാട്ടിന്റെ ഇടയില്‍ സ്വിച്ച് ചെയ്തതാണ്, 5 മിനിറ്റില്‍ എല്ലാം കാണിക്കാന്‍ പറ്റുമോ, അല്ലാതെ മിസ്റ്റേക് ഒന്നും അല്ലെന്നും പറഞ്ഞ്.

അങ്ങനെയും ഒരു പോസിബിലിറ്റി പറയാം. പക്ഷേ എനിക്ക് അത് മിസ്റ്റേക് ആയി തോന്നി. കാരണം റീനു (മമിത ബൈജു) വണ്ടി മേടിച്ചു ഓടിക്കുന്നതും സ്വിച്ച് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഇത് അപ്പോള്‍ അണിയറക്കാര്‍ അഡ്മിറ്റ് ചെയ്തില്ലെങ്കിലും ആരും അറിയാന്‍ പോണില്ല.
പക്ഷേ സംവിധായകന്‍ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു. പടം പൊട്ടിയത് വരെ റിവ്യുവര്‍മാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വയ്ക്കുന്ന സിനിമാക്കാര്‍ ഉള്ള ഈ കാലത്ത് തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടര്‍ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പണ്‍ ഗ്രൂപ്പില്‍ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.

Top