രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബാന്ദ്ര’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ദിലീപ്, തമന്ന, അരുണ്‍ ഗോപി, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നിവരെ കൂടാതെ സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്മാരായ ജോജു ജോര്‍ജ്, സിജു വില്‍സണ്‍ തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.
പാന്‍ ഇന്ത്യന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. മാസ്സ് ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ടീസര്‍ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റര്‍ ഡോണ്‍ സിനിമയാണെന്നാണ് കരുതിയിരിക്കുന്നതെന്നും എന്നാല്‍ ബാന്ദ്രയിലൂടെ താന്‍ പറയാന്‍ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഒരു ഹീറോയിനൊപ്പം നൃത്തം ചെയ്യുന്നതെന്നാണ് ദിലീപ് സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. തമന്ന ഭാട്ടിയ നായികയാകാന്‍ സമ്മതം മൂളിയില്ലായിരുന്നുവെങ്കില്‍ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞു.
തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരബാന്ദ്രയിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍.