augusta-westland-mediators-diary-16-million-bribes-to-political-family

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി.

ഡല്‍ഹിയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ക്രിസ്റ്റിയന്‍ മൈക്കേലിന്റെ ഡയറിക്കുറിപ്പാണ് ഒരു ദേശീയ ചാനല്‍ പുറത്ത് വിട്ടത്.

കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം കൂടി 450 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഡയറിയിലുണ്ട്. അതേസമയം ഏത് രാഷ്ട്രീയ കുടുംബമാണെന്നോ അവരുടെ പേരുകളോ സംബന്ധിച്ച് യാതൊരു പരാമര്‍ശവും ഡയറിയില്‍ ഇല്ല.

ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാരെ കൂടാതെ പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് ഡയറിയില്‍ പരാര്‍ശമുണ്ട്.

ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിയിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ട്.

രണ്ടാം യു.പി. എ സര്‍ക്കാരിന്റെ കാലത്ത് അതിവിശിഷ്ട വ്യക്തികള്‍ക്ക് സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറില്‍ 452 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗിയെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.

മാത്രമല്ല, അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് അനുകൂലമായി ഇളവ് തീരുമാനിച്ചത് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഓഫീസാണെന്നും ത്യാഗി മൊഴി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് അന്വേഷണം മന്‍മോഹനിലേക്ക് എത്തുമെന്ന സൂചനകള്‍ക്കിടെയാണ് നിര്‍ണായക ഡയറിക്കുറിപ്പ് പുറത്ത് വന്നത്.

ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി, ഇവരുടെ അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

Top