ഉടുമ്പന്‍ ചോലയില്‍ മിന്നും താരമായാണ് മണിയാശാന്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആഗസ്തി ഇനി മൊട്ടയടിക്കുകയാണ് വേണ്ടത്. അതല്ലങ്കില്‍ മണിയാശാനോട് മാപ്പ് പറയാന്‍ തയ്യാറാകണം. വൈദ്യുതി മന്ത്രി എം.എം മണിക്ക് ചെറിയ വിജയമല്ല, കാല്‍ ലക്ഷത്തിലധികം വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ കേവലം 1,109 വോട്ടിന് കഷ്ടിച്ച വിജയിച്ചിടത്ത് ഇത്തവണ 38305 വോട്ടിന്റെ ഭൂരിപക്ഷമായാണ് ആശാന്‍ വര്‍ധിപ്പിച്ചത്. ഇടതുപക്ഷ നേതാക്കളെ പോലും ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
മണിയാശാന്‍ വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് വീരവാദം മുഴക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.എം ആഗസ്തി ഇപ്പോള്‍ ആകെ നാണംകെട്ടിരിക്കുകയാണ്. അദ്ദേഹം ഇനി വാക്കു പാലിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ജനവിധി അംഗീകരിക്കുമെന്നും തലമൊട്ടയടിക്കുകയാണെന്നും ആഗസ്തി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതുവേണ്ടെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നറിയിച്ച മണിയാശാന്‍ രാഷ്ട്രീയ മാന്യതയുടെ പാഠംകൂടിയാണ് നാടിന് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. 1996ല്‍ ഇ.എം ആഗസ്തിയോട് മൂവായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടേണ്ടി വന്ന മണിയാശാന് ഇത്തവണത്തെ മിന്നും ജയം ഒരു മധുരപ്രതികാരം കൂടിയാണ്.
കോട്ടയത്തെ കിടങ്ങൂരില്‍ നിന്നും ഇടുക്കിയിലേക്ക് കുടിയേറിയ മുണ്ടക്കല്‍ മാധവന്റെയും ജാനകിയുടെയും ഏഴു മക്കളില്‍ മൂത്തവനായ മണി പട്ടിണിയോട് പടവെട്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. പഠനം തുടരാനാവാതെ സാധാരണ തോട്ടം തൊഴിലാളിയായി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ വേദനയും വിഷമങ്ങളും പട്ടണിയുമറിഞ്ഞായിരുന്നു ഈ കമ്യൂണിസ്റ്റിന്റെ പ്രവര്‍ത്തനം. 21ാം വയസിലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നത്. ബൈസണ്‍വാലി, രാജാക്കാട് ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിയായ എം.എം മണി പടിപടിയായി പാര്‍ട്ടിയില്‍ വളര്‍ന്നു വന്ന നേതാവാണ്. എട്ടു തവണയായി കാല്‍നൂറ്റാണ്ട് കാലമാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്.
ആദ്യ ജില്ലാ പഞ്ചായത്തിലേക്കും 1996ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെടുകയുണ്ടായി. വിവാദപ്രസംഗത്തിന്റെ പേരില്‍ അഞ്ചേരി ബേബി വധ കേസില്‍ പ്രതിയാക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലടക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനുശേഷം സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പോലും മാറ്റി നിര്‍ത്തപ്പെട്ടു. മണിയാശാന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റ ഏറ്റവും കനത്ത തിരിച്ചടിയായിരുന്നു അത്. എന്നാല്‍ മണിയാശാന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമെന്ന് വിധിയെഴുതിയവരെ ഞെട്ടിച്ചുകൊണ്ടാണ് 2016ല്‍ ഉടുമ്പന്‍ചോലയില്‍ നിന്നും അദ്ദേഹം വിജയിച്ചിരുന്നത്.
പിണറായി വിജയനാണ് മണിയാശാന് മത്സരിക്കാന്‍ സീറ്റ് നല്‍കാന്‍ മുന്‍കൈ എടുത്തിരുന്നത്. വിജയിച്ചപ്പോള്‍ മന്ത്രി സ്ഥാനം നല്‍കിയതും അതേ പിണറായി തന്നെയാണ്. മണ്ണില്‍ പണിയെടുത്ത മണിയാശാന്‍ മന്ത്രിയായപ്പോള്‍ നെറ്റിചുളിച്ചവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് മികച്ച വൈദ്യുത മന്ത്രിയാകാനും മണിയാശാന് വളരെ പെട്ടന്ന് കഴിഞ്ഞിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയും ലോഡ്ഷെഡിങ്ങില്ലാതെ അഞ്ചു വര്‍ഷം മുന്നോട്ട് കൊണ്ടു പോകുകയും ചെയ്ത മണിയാശാന് മന്ത്രിയെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ ഡാണുള്ളത്. ഇതിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം കൂടിയാണ് ഈ വിജയം.
സി.പി.എം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലൊക്കെയും സ്വന്തം പ്രതിഛായ നോക്കാതെ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സഖാവാണ് മണിയാശാന്‍. മണിയാശാന്റെ ആത്മാര്‍ത്ഥതയും സ്നേഹവും ഉടുമ്പന്‍ചോലയിലെ ജനങ്ങളും ഏറെ ആസ്വദിക്കുന്നുണ്ട്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കു കോട്ടയായ മണ്ഡലമാണ് ചുവപ്പ് കോട്ടയാക്കിയിപ്പോള്‍ മണിയാശാന്‍ മാറ്റിയിരിക്കുന്നത്.