കന്യാസ്ത്രീകള്‍ക്കെതിരായ സഭാ നടപടി കേരളം പൊറുക്കില്ലെന്ന് അഗസ്റ്റിന്‍ വട്ടോളി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരായ സഭാ നടപടി കേരളം പൊറുക്കില്ലെന്ന് അഗസ്റ്റിന്‍ വട്ടോളി. ഇത്തരം നടപടികളില്‍ സഭ വലിയ വില നല്‍കേണ്ടി വരുമെന്നും സേവ് അവര്‍ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനാണ് മാനന്തവാടി രൂപത ഇവര്‍ക്കെതിരെ നടപടിയെടുത്തത്. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവക പ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സിസ്റ്ററിനെ വിലക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ സിസ്റ്ററിന് വിലക്കില്ല.

അതേസമയം എന്തിനാണ് സഭ തനിക്കെതിരെ നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചുവെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതാണെന്ന് സിസ്റ്റര്‍ പറയുന്നു. എന്നാല്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സഭ വ്യക്തമാക്കണമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

സഭയ്ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹനമല്ല സമരവഴി തിരഞ്ഞെടുത്തതിന് ലഭിച്ച പ്രതികാര നടപടിയാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള ആരോഗ്യവും മനസും ഉണ്ടെന്നും മാറ്റി നിര്‍ത്തിയ സ്ഥിതിക്ക് മാറി നില്‍ക്കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

Top