യാങ്കൂണ്‍: ആങ് സാന്‍ സൂചിയില്‍ നിന്നും”സ്വാതന്ത്ര്യ പുരസ്‌കാരം” തിരിച്ചെടുക്കാന്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബര്‍ഗ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. മ്യാന്മര്‍ പട്ടാളം നടത്തുന്ന റോഹിംഗ്യന്‍ മുസ്ലിം വംശഹത്യയെ പിന്തുണയ്ക്കുന്ന സൂചിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
2005ലാണ് സൂചിയെ ഫ്രീഡം ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. മ്യാന്മര്‍ പട്ടാളത്തിനെതിരെ സഹനസമരം നടത്തി വീട്ടുതടങ്കലില്‍ കഴിയവേയായിരുന്നു സൂചിയെ പുരസ്‌കാരം നല്‍കി എഡിന്‍ബര്‍ഗ് മുന്‍സിപ്പാലിറ്റി ആദരിച്ചത്. പുരസ്‌കാരം തിരിച്ചെടുക്കണമെന്നുള്ള പ്രമേയം കൗണ്‍സിലര്‍മാര്‍ വോട്ടു ചെയ്തു പാസാക്കുകയായിരുന്നു. ലോഡ് പ്രോവോസ്റ്റ് ഫ്രാങ്ക് റോസ്റ്റാണ് പ്രമേയം കൊണ്ടുവന്നത്.
മനുഷ്യത്വ വിരുദ്ധമായ നിലപാടിനെതിരെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ സൂചിക്ക് നഷ്ടമാകുന്ന ഏഴാമത്തെ വലിയ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. ഓക്‌സ്‌ഫോഡ്, ഗ്ലാസ്‌കോ, ന്യൂകാസില്‍ എന്നീ നഗരങ്ങള്‍ സൂചിയില്‍ നിന്നും പുരസ്‌കാരം തിരിച്ചെടുത്തിരുന്നു.