ആങ് സാന്‍ സ്യൂചിക്ക് നാലു വര്‍ഷം കൂടി തടവുശിക്ഷ

Aung San Suu Kyi

മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളിയ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് നാലു വര്‍ഷം കൂടി തടവുശിക്ഷ. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഈ മാസമാദ്യം നാല് വര്‍ഷം തടവിനു ശിക്ഷിച്ച ആങ് സാന്‍ സ്യൂചിയെ ഇന്ന് പുതിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാലു വര്‍ഷം കൂടി തടവിനു ശിക്ഷിച്ചത്. നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കൈയില്‍ വെച്ചു എന്നാണ് പുതിയ കുറ്റം.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്യൂചി സര്‍ക്കാറിനെ അട്ടിമറിച്ച ശേഷം പട്ടാള ഭരണകൂടം സ്യൂചിയുടെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ ഈ ഉപകരണങ്ങള്‍ കണ്ടെടുത്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ ആരോപണം സ്യൂചി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഈ വാദം മുഖവിലയ്ക്ക് എടുക്കാതെയാണ് മ്യാന്‍മര്‍ കോടതി സ്യൂചിക്ക് വീണ്ടും തടവുശിക്ഷ വിധിച്ചത്.

സ്യൂചിയുടെ അഭിഭാഷകര്‍ മാധ്യമങ്ങളെ കാണരുതെന്നും കോടതി നടപടികള്‍ പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയുള്ള നാലു വര്‍ഷത്തെ ജയില്‍ശിക്ഷ പിന്നീട് രണ്ട് വര്‍ഷമായി കുറിച്ചിരുന്നു. പുതിയ ശിക്ഷ കൂടി വന്നതോടെ ഇനി ആറു വര്‍ഷം സ്യൂചി ജയിലില്‍ കിടക്കേണ്ടി വരും.

Top