മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ തീവണ്ടി പാളത്തില്‍ കിടന്നുറങ്ങുകയായിരുന്ന 14 പേര്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ.
അതിഥി തൊഴിലാളികള്‍ കിടക്കുന്നത് കണ്ട് ലൊക്കോ പൈലറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും തൊഴിലാളികള്‍ക്ക് മേല്‍ തട്ടുകയായിരുന്നുവെന്നും റെയില്‍വേ അറിയിച്ചു.
‘ ഇന്ന് അതിരാവിലെ, പാളത്തില്‍ ചില തൊഴിലാളികളെ കണ്ടതിനെത്തുടര്‍ന്ന് ചരക്ക് വണ്ടിയുടെ ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പര്‍ഭാനി-മന്‍മദ് സെക്ഷനില്‍ ബദ്‌നാപൂര്‍-കര്‍മദ് സ്റ്റേഷനുകള്‍ക്ക് ഇടയില്‍ അവര്‍ക്ക് മേല്‍ തീവണ്ടി തട്ടി. പരിക്കേറ്റവരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടു.’ – റെയില്‍വേ മന്ത്രാലയം ട്വിറ്റിറില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയില്‍വേ ട്രാക്ക് വഴി നടന്ന് പോകുന്നതിനിടെ ട്രാക്കില്‍ വിശ്രമിക്കാന്‍ കിടന്നുറങ്ങിയവര്‍ക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞ് കയറിയത്.
ജല്‍നയിലെ ഒരു പ്രാദേശിക ഇരുമ്പ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരായിരുന്നവരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജല്‍നയില്‍ നിന്ന് മധ്യപ്രദേശിലെ ഭുവസാലേയ്ക്ക് , ഏതാണ്ട് 170 കിലോമീറ്റര്‍ നടക്കാനായിരുന്നു ഈ സംഘം തീരുമാനിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് ഔറംഗബാദ് എസ്പി മോക്ഷദ പാട്ടീല്‍ പറയുന്നത്. അവിടെ നിന്ന് നാട്ടിലേക്ക് തീവണ്ടി കിട്ടുമെന്ന് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.