സിഡ്നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന് നിരാശയോടെ മടക്കം. സിഡ്നിയില്‍ പാകിസ്താനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനമാണ് ഓസീസിന് വാര്‍ണര്‍ പുറത്തായത്. 68 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 34 റണ്‍സ് മാത്രമായിരുന്നു വിരമിക്കല്‍ ടെസ്റ്റിലെ താരത്തിന്റെ സമ്പാദ്യം.
കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാര്‍ണര്‍ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാര്‍ണര്‍ സൂചന നല്‍കിയിരുന്നു. ഇനി ടി20യിലും ഐപിഎല്ലിലും മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക.ഒന്നാം ഇന്നിങ്സില്‍ പാകിസ്താന്‍ നേടിയ 313 റണ്‍സ് പിന്തുടരുകയാണ് ഓസീസ്. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 47 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ് ഓസീസ്. നിലവില്‍ മാര്‍നസ് ലബുഷെയ്ന്‍ (23*), സ്റ്റീവ് സ്മിത്ത് (6*) എന്നിവരാണ് ക്രീസില്‍.
25-ാം ഓവറിലെ നാലാം പന്തിലാണ് സിഡ്നിയെ നിശബ്ദമാക്കി വാര്‍ണര്‍ വീണത്. ഉസ്മാന്‍ ഖവാജയുമായി മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാന്‍ ശ്രമിക്കവേ സല്‍മാന്‍ അലി ആഗ മുന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കൈകളിലെത്തിച്ച് വാര്‍ണറെ പുറത്താക്കുകയായിരുന്നു. 44-ാം ഓവറില്‍ ഖവാജയ്ക്കും കൂടാരം കയറേണ്ടി വന്നു. അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയാണ് ഖവാജ പോരാട്ടം അവസാനിപ്പിച്ചത്. ഓസീസ് സ്‌കോര്‍ 100 കടത്തിയായിരുന്നു താരത്തിന്റെ മടക്കം.