വെര്‍ട്ടിഗോ അഥവാ തലചുറ്റല്‍ അസുഖത്താല്‍ ബുദ്ധിമുട്ടുകയാണെന്നറിയിച്ച് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. അഫ്ഗാനിസ്താനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്ത് ഇക്കാര്യം തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ താരം ഇന്ന് കളിക്കുമോ എന്നതില്‍ വ്യക്തതയില്ല.
ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്‌ട്രേലിയയെ അട്ടിമറിക്കാനായാല്‍ അഫ്ഗാനിസ്താന്‍ ന്യൂസീലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയില്‍ പ്രവേശിച്ച ടീമുകള്‍.
ഇന്നലെ പരിശീലനത്തിനിടെ കുറച്ചുസമയം നെറ്റ്‌സില്‍ ബാറ്റ് ചെയ്‌തെങ്കിലും പിന്നീട് വെര്‍ട്ടിഗോയില്‍ താരം ബുദ്ധിമുട്ടിയിരുന്നു. നിലത്തേക്കിരുന്ന താരം പിന്നീട് കസേരയിലിരിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് കാണാം. പിന്നീട് നിലത്തേക്ക് കിടക്കുന്ന സ്മിത്ത് പരിശീലനം മതിയാക്കി മടങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ പങ്കുവച്ചിട്ടുണ്ട്.