ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ 284 റണ്‍സിന് പുറത്തായി ഓസ്ട്രേലിയ

ബര്‍മിങ്ങാം: ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ 284 റണ്‍സിന് പുറത്തായി ഓസ്ട്രേലിയ. ഓസ്‌ട്രേലിയയെ അല്‍പമെങ്കിലും തുണച്ചത് ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും വാലറ്റത്ത് പീറ്റര്‍ സിഡിലിന്റെ അത്ഭുതകരമായ ചെറുത്തുനില്‍പ്പുമാണ്.

സ്മിത്ത് 219 പന്തില്‍ നിന്ന് 144 റണ്‍സെടുത്തു. 85 പന്തില്‍ നിന്ന് 44 റണ്‍സാണ് സിഡില്‍ നേടിയത്. സ്മിത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചതോടെയാണ് ഓസീസ് ഇന്നിങ്സിന് തിരശ്ശീല വീണത്. എണ്‍പത്തിയൊന്നാം ഓവറിന്റെ നാലാം പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ ബൗള്‍ഡാക്കും മുന്‍പ് വാലറ്റക്കാരന്‍ നഥാന്‍ ലയണിനൊപ്പം പത്താം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു സ്മിത്ത്. അറുപത്തിയഞ്ചാം ടെസ്റ്റ് കളിക്കുന്ന സ്മിത്തിന്റെ ഇരുപത്തിനാലാം ടെസ്റ്റ് സെഞ്ചുറിയാണിത്.

സ്റ്റുവര്‍ട്ട് ബ്രോഡാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. 22.4 ഓവര്‍ എറിഞ്ഞ സ്മിത്ത് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ജേസണ്‍ റോയ് ആണ് പുറത്തായത്. 22 പന്തില്‍ നിന്ന് 10 റണ്ണെടുത്ത റോയെ പാറ്റിസന്റെ പന്തില്‍ സ്മിത്ത് പിടികൂടുകയായിരുന്നു. എട്ടാം ഓവറില്‍ ടീം സ്‌കോര്‍ 22ല്‍ നില്‍ക്കെയാണ് റോയ് മടങ്ങിയത്.

Top