മുംബൈ: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഇന്ത്യയുടെ ഏകദിന-ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. ഒരു മത്സരത്തിന് തിരുവനന്തപുരവും വേദിയാകും.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഓരോ പരമ്പരയിലുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക ഏകദിന-ട്വന്റി 20 പരമ്പരകള്‍ കളിക്കും.
Check out the #INDvSA home series schedule. 👌#TeamIndia | @BCCI | @OfficialCSA pic.twitter.com/jo8zC4hjDq
— BCCI (@BCCI) August 3, 2022
സെപ്റ്റംബര്‍ 11 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബര്‍ 20 നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ആദ്യ ട്വന്റി 20 മൊഹാലിയിലാണ്. രണ്ടാം മത്സരം 23 ന് നാഗ്പൂരിലും മൂന്നാം മത്സരം 25 ന് ഹൈദരാബാദിലും നടക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ട്വന്റി 20 മത്സരങ്ങളാണ് നടക്കുന്നത്. സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന ആദ്യ ട്വന്റി 20 തിരുവനന്തപുരത്താണ് നടക്കുക. ഒക്ടോബര്‍ രണ്ടിനുള്ള രണ്ടാം മത്സരം ഗുവാഹട്ടിയിലും നാലിനുള്ള മത്സരം ഇൻഡോറിലും നടക്കും.
ഒക്ടോബര്‍ ആറിന് ഏകദിന പരമ്പര ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരത്തിന് ലഖ്‌നൗ വേദിയാകും. രണ്ടാം മത്സരം ഒക്ടോബര്‍ ഒന്‍പതിന് റാഞ്ചിയിലും മൂന്നാം മത്സരം ഒക്ടോബര്‍ 11 ന് ഡല്‍ഹിയിലും നടക്കും.