വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിനെയും പാറ്റ് കമ്മിന്‍സിനെയും 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. യുവതാരം ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അണ്‍ക്യാപ്ഡ് പേസര്‍ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ക്ക് അവസരം നല്‍കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓസ്ട്രേലിയയുടെ ഏകദിന ടീം: സ്റ്റീവന്‍ സ്മിത്ത് (C), സീന്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷാഗ്‌നെ, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ലാന്‍സ് മോറിസ്, മാറ്റ് ഷോര്‍ട്ട്, ആദം സാമ്പ.ലാന്‍സ് മോറിസ് ഓസീസ് ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കും. മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ക്ക് 50 ഓവര്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 6 വരെയാണ് ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. ബ്രിസ്ബേന്‍, സിഡ്നി, കാന്‍ബെറ എന്നിവിടങ്ങളിലാണ് മത്സരം.
ഓസ്ട്രേലിയന്‍ വണ്ടര്‍ ബാറ്റര്‍മാരില്‍ ഒരാളായാണ് ഫ്രേസര്‍-മക്ഗുര്‍ക്ക് പരക്കെ കണക്കാക്കപ്പെടുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന മാര്‍ഷ് കപ്പില്‍ 29 പന്തില്‍ സെഞ്ച്വറി നേടി 21-കാരന്‍ ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. മാക്സ്വെല്ലിന് പകരമാണ് യുവതാരം ടീമിലെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനും ന്യൂസിലന്‍ഡിനുമെതിരായ ടി20 മത്സരങ്ങള്‍ കണക്കിലെടുത്താണ് മാക്സ്വെല്ലിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ.