സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. പെര്‍ത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റിനു ശേഷം വിരമിക്കും. ഓസ്‌ട്രേലിയയ്ക്കായി സ്ഥിരതയുള്ള പ്രകടനം നടത്താന്‍ തനിക്കു കഴിയുമെന്ന കാര്യത്തില്‍ സന്ദേഹമുണ്ട്. അതിനാല്‍ വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണു കരുതുന്നതെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നില്ല. ഇതാണ് 34കാരനായ ജോണ്‍സനെ പെട്ടെന്നുള്ള വിരമിക്കലിലേക്കു നയിച്ചത്. 2014 ഫെബ്രുവരിക്കുശേഷം ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യാനും അദ്ദേഹത്തിനായില്ല. പെര്‍ത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 32 ഓവറില്‍ 134 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണു ജോണ്‍സണു വീഴ്ത്താനായത്.
73 ടെസ്റ്റില്‍ 311 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ജോണ്‍സണ്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് വേട്ടക്കാരില്‍ നാലാമതാണ്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 2,035 റണ്‍സും നേടിയിട്ടുണ്ട്. 153 ഏകദിനങ്ങള്‍ കളിച്ച ജോണ്‍സണ്‍ 951 റണ്‍സും 239 വിക്കറ്റുകളും നേടി. 2005ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു അരങ്ങേറ്റം.