ന്യൂ സൗത്ത് വെയില്‍സ്:തെക്കന്‍ ഓസ്‌ട്രേലിയയിലെ മൂന്ന് സംസ്ഥാനങ്ങളിലായി പടരുന്ന കാട്ടുതീയില്‍ ഒരാള്‍ കൂടി മരിച്ചു. ന്യൂ സൗത്ത് വെയില്‍സിലാണ് ഒരാള്‍ മരിച്ചത്.
ആയിരക്കണക്കിന് ഏക്കര്‍ കാട്കാട്ടുതീയില്‍കത്തിനശിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് അവധി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ട്. ചൂട് കൂടിയതും ശക്തമായ കാറ്റുമാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
സെപ്റ്റംബര്‍ മുതലുള്ള കണക്കനുസരിച്ച് കാട്ടുതീയെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ അപകടത്തില്‍ ന്യൂ സൗത്ത് വെയില്‍സില്‍ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചിരുന്നു. സിഡ്നിയിലും പരിസരപ്രദേശങ്ങളിലുമായി പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രക്ക് മരത്തിലിടിച്ചായിരുന്നു അപകടം. സംഘത്തിലുണ്ടായിരുന്ന 32 കാരനായ ജെഫ്രി കീറ്റണ്‍, 36 കാരനായ ആന്‍ഡ്രൂവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീയില്‍ എഴുന്നൂറിലധികം വീടുകളാണ് അഗ്നിക്കിരയായത്.