24 വർഷത്തിന് ശേഷം പാക് പര്യടനത്തിന് ഓസീസ്

24 വര്‍ഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാനില്‍ പര്യടനം നടത്താനൊരുങ്ങി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഓസ്ട്രേലിയന്‍ ടീം പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന കാര്യം അറിയിച്ചത്. അവസാനമായി 1998ലാണ് ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ പര്യടനം നടത്തിയത്.

പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവുമാണ് ഉണ്ടാവുക. 2022 മാര്‍ച്ചില്‍ ആവും പരമ്പര നടക്കുക. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളില്‍ വെച്ചാവും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 3, 12, 21 തിയ്യതികളിലാവും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

തുടര്‍ന്ന് മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തിയ്യതികളില്‍ ഏകദിന മത്സരവും ഏപ്രില്‍ 5ന് ടി20 മത്സരവും നടക്കും. ഈ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ വെച്ചാവും നടക്കുക. 2009ല്‍ ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ ദീര്‍ഘ കാലം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്നില്ല. അടുത്തിടെ ന്യൂസിലാന്‍ഡ് ടീം പാകിസ്ഥാനില്‍ പര്യടനത്തിന് എത്തിയെങ്കിലും സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മത്സരം കളിക്കാതെ ടീം തിരിച്ചുപോയിരുന്നു.

 

Top