സിഡ്നി: ടീം ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായ ഓസ്ട്രേലിയയാണ്. ഇന്ത്യയുമായി മൂന്നു മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് ഓസ്ട്രേലിയ ആദ്യം കളിക്കുന്നത്. നവംബര്‍ 21നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു മുമ്പ് 17ന് ദക്ഷിണാഫ്രിക്കയുമായും ഒരു ടി20 ഓസീസ് കളിക്കുന്നുണ്ട്. ഈ മത്സരങ്ങള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു.
ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നതിനാല്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനും സ്പിന്നര്‍ നതാന്‍ ലിയോണിനും ഓസ്ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസീസിന്റെ ഏറ്റവും അപകടകാരിയായ സ്റ്റാര്‍ക്കിന് വിശ്രമം നല്‍കിയത് ഇന്ത്യക്കു ആശ്വാസമാവും. ഇവരെക്കൂടാതെ മറ്റൊരു പേസറായ പീറ്റര്‍ സിഡ്ല്‍, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരും ടി20 പരമ്പരയില്‍ ഉണ്ടാവില്ല. എന്നാല്‍ മാര്‍ക്ക് സ്റ്റോയ്ണിസ്, ജാസണ്‍ ബെഹറെന്‍ഡോര്‍ഫ് എന്നിവര്‍ ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ട്വന്റി20 ടീം- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്സ് കാറെ, ആഷ്ടണ്‍ ആഗര്‍, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്, നതാന്‍ കോള്‍ട്ടര്‍നൈല്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ മക്ഡെര്‍മോട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയ്ണിസ്, ആന്‍ഡ്രു ടൈ, ആദം സാംപ.