ഓസ്‌ട്രേലിയക്ക് 8 വിക്കറ്റിന്റെ വമ്പൻ ജയം; അഞ്ചും തോറ്റ് ബംഗ്ലാദേശ്

ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഏകപക്ഷീയമായ മത്സരങ്ങളിലൊന്നില്‍ ബംഗ്ലദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ വിജയം. സെമി പ്രവേശനം മുന്‍നിര്‍ത്തി നെറ്റ് റണ്‍റേറ്റില്‍ കണ്ണുവച്ച് തകര്‍ത്തടിച്ച ഓസീസ്, എട്ടു വിക്കറ്റിനാണ് ബംഗ്ലദേശിനെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് അഞ്ച് ഓവര്‍ ബാക്കിനില്‍ക്കെ വെറും 73 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവര്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. നഷ്ടമാക്കിയത് രണ്ടു വിക്കറ്റ്.

ഇതോടെ, ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റതിന്റെ നിരാശയോടെ ബംഗ്ലദേശിനു നാട്ടിലേക്കു മടങ്ങാം. ഓസ്‌ട്രേലിയയാകട്ടെ, ഈ കൂറ്റന്‍ വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് സെമി സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസീസ്.

ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ആരോണ്‍ ഫിഞ്ച് – ഡേവിഡ് വാര്‍ണര്‍ സഖ്യമാണ് ഓസീസ് വിജയം അനായാസമാക്കിയത്. വെറും 30 പന്തില്‍നിന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തത് 58 റണ്‍സ്. 20 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 40 റണ്‍സെടുത്ത ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. വാര്‍ണര്‍ 18 പന്തില്‍ മൂന്നു ഫോറുകളോടെ 18 റണ്‍സെടുത്ത് പുറത്തായി.

ഒന്‍പതു റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും പുറത്തായെങ്കിലും അഞ്ച് പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിച്ചല്‍ മാര്‍ഷ് ഓസീസിനെ വിജയത്തിലെത്തിച്ചു. ബംഗ്ലദേശിനു ലഭിച്ച രണ്ടു വിക്കറ്റുകള്‍ ടസ്‌കിന്‍ അഹമ്മദ്, ഷോറിഫുല്‍ ഇസ്ലാം എന്നിവര്‍ പങ്കുവച്ചു.

 

Top