മെല്‍ബണ്‍: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മേല്‍കൈ. നാലാം ദിനം കളിനിര്‍ത്തമ്പോള്‍ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 261/7 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കേ ഓസീസിന് 326 റണ്‍സ് ലീഡുണ്ട്. അര്‍ധ സെഞ്ചുറി(62)യോടെ ഷോണ്‍ മാര്‍ഷും റയാന്‍ ഹാരിസു(8)മാണ് ക്രീസില്‍. 65 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയത്.
പരമ്പരയില്‍ ആദ്യമായി ഇന്ത്യ ബൗളര്‍മാര്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്തത് മെല്‍ബണില്‍ നാലാം ദിനമാണ്. ഡേവിഡ് വാര്‍നര്‍ (40) അടിച്ചു തകര്‍ത്തു തുടങ്ങിയെങ്കിലും ആര്‍.അശ്വിന് മുന്നില്‍ വീണതോടെ ഓസീസ് പ്രതിരോധത്തിലായി. അശ്വിനെ സിക്‌സറിന് പറത്തി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷോണ്‍ മാര്‍ഷിലാണ് ഓസീസ് പ്രതീക്ഷ.
ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ്, ആര്‍.അശ്വിന്‍. ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. നേരത്തെ 462/8 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് മൂന്ന് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അവസാനിച്ചു. ഷമിയുടെയും ഉമേഷ് യാദവിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 530 റണ്‍സ് നേടിയിരുന്നു.