നാലാം ടെസ്റ്റ്: ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു

ബ്രിസ്‌ബെയ്ന്‍: ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റേന്തിയ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മര്‍നസ് ലബുഷെയ്ന്‍ (74), മാത്യൂ വെയ്ഡ് (29) എന്നിവരാണ് ക്രീസില്‍. 36 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ അരങ്ങേറ്റ താരം വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്. സ്മിത്ത് പുറത്താകുമ്പോള്‍ ഓസ്‌ട്രേലിയ 87 ന് മൂന്ന് എന്ന നിലയിലാണ്. പതിനേഴ് റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും ഓസ്‌ട്രേലിയയ്ക്ക് നഷ്ടപ്പെട്ടു.

ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ചു റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ താക്കൂറുമാണ് മടക്കിയത്. ആദ്യ ഓവറിന്റെ അവസാന പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മ പിടികൂടുകയായിരുന്ന. 23 പന്തില്‍ നിന്ന് അഞ്ചു റണ്ണെടുത്ത ഹാരിസിനെ ഒന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ക്യാച്ചെടുത്തത്.

ഒൻപതാം ഓവർ മുതൽ സ്റ്റീവ് സ്മിത്ത്- മാർനസ് ലബുഷെയ്ൻ സഖ്യം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടിന് 65 റൺസ് എന്ന നിലയിൽ സ്കോർ എത്തിച്ചു. ടി. നടരാജനും വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ അരങ്ങേറ്റക്കാർ. മുഹമ്മദ് സിറാജും ശാര്‍ദുല്‍ താക്കൂറുമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. നടരാജന്‍ പരിക്കേറ്റ ബുംറയ്ക്കും വാഷിങ്ടണ്‍ സുന്ദര്‍ ആര്‍. അശ്വിനു പകരവുമാണ് കളിക്കുന്നത്.

Top