ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാം സെമിയില്‍ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ ഓള്‍ ഔട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്ക് 213 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

24-4 എന്ന സ്‌കോറില്‍ ക്രീസിലെത്തിയ മില്ലര്‍ 101 റണ്‍സെടുത്ത് 48-ാം ഓവറില്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 116 പന്തില്‍ എട്ട് ഫോറും, അഞ്ച് സിക്‌സും പറത്തി മില്ലര്‍ 101 റണ്‍സടിച്ചപ്പോള്‍ 47 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി പൊരുതി. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രാവിസ് ഹെഡും, ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നോക്കൗട്ട് പോരാട്ടങ്ങളില്‍ മികവിലേക്കുയരുന്ന പതിവ് ഓസ്‌ട്രേലിയ ഇത്തവണയും തെറ്റിക്കാതിരുന്നപ്പോള്‍ ടോസില്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ഭാഗ്യമുണ്ടായിരുന്നത്. ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് പ്രതിരോധത്തിലാഴ്ത്തി. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ(0) വീഴ്ത്തി സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോള്‍ കരുതലോടെ പിടിച്ചു നില്‍ക്കാന്‍ നോക്കിയ ക്വിന്റണ്‍ ഡി കോക്കിനെ(3) ഹേസല്‍വുഡ് പാറ്റ് കമിന്‍സിന്റെ കൈകളിലേക്ക് പറഞ്ഞയച്ചു.

ഏയ്ഡന്‍ മാര്‍ക്രവും റാസി വാന്‍ഡര്‍ ദസ്സനും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ സ്‌പെല്ലില്‍ തുടര്‍ച്ചയായി ഏഴോവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് മാര്‍ക്രത്തെ(10) വീഴ്ത്തി. 31 പന്തില്‍ 6 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സന്റെ പ്രതിരോധം ഹേസല്‍വുഡും അവസാനിപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക 24-4ലേക്ക് തകര്‍ന്നടിഞ്ഞു. പിന്നീട് ക്ലാസനും മില്ലറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇടക്ക് മഴമൂലം കുറച്ചുനേരം മത്സരം തടസപ്പെട്ടെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്ലാസന്‍-മില്ലര്‍ കൂട്ടുകെട്ട് 95 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കയെ 100 കടത്തി. തുടര്‍ച്ചയായ പന്തുകളില്‍ ക്ലാസനെയും(47) മാര്‍ക്കോ യാന്‍സനെയും(0) പുറത്താക്കി ട്രാവിഡ് ഹെഡാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

പിന്നീട് ജെറാള്‍ഡോ കോയെറ്റ്‌സീക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മില്ലര്‍ ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചു. കോയെറ്റ്‌സിയെ(19) പുറത്താക്കി കമിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. കമിന്‍സിനെ സിക്‌സിന് പറത്തി സെഞ്ചുറി തികച്ചതിന് പിന്നാലെ മില്ലര്‍ പുറത്തായി. അവസാന ഓവറുകളില്‍ പൊരുതി നോക്കിയ കാഗിസോ റബാഡ(10) ആണ് ദക്ഷിണാഫ്രിക്കയെ 212ല്‍ എത്തിച്ചത്.

Top