ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: പ്രമുഖ താരങ്ങളെയെല്ലാം ഒഴിവാക്കി വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ കളിച്ച ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, പാറ്റ് കമിന്‍സ്, ഗ്ലെന്‍ മാക്‌സവെല്‍, മര്‍ക്കസ് സ്റ്റോയിനസ്, ജെ റിച്ചാര്‍ഡ്‌സണ്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെയാണ് വിന്‍ഡീസ്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്നൊഴിവാക്കിയത്. സ്മിത്തിനെ കൈമുട്ടിലെ പരിക്കിനെത്തുടര്‍ന്നാണ് ഒഴിവാക്കിയത്.

എന്നാല്‍ മറ്റ് ആറ് താരങ്ങളും വിവിധ കാരണങ്ങളാള്‍ ഈ പരമ്പരകളില്‍ കളിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിക്കുകയായിരുന്നു. ഇത്രയും കളിക്കാര്‍ ഒരുമിച്ച് പിന്‍മാറിയത് നിരാശാജനകമാണെങ്കിലും കളിക്കാരുടെ തീരുമാനത്തെ മാനിക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.

ആഷസിന് മുമ്പ് സ്റ്റീവ് സ്മിത്ത് പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാവാന്‍ സമയം നല്‍കാനാണ് വിശ്രമം അനുവദിച്ചതെന്നും ഹോണ്‍സ് പറഞ്ഞു. ആരോണ്‍ ഫിഞ്ചാണ് 18 അംഗ ടീമിനെ നയിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരെ ഓസ്‌ട്രേലിയ അഞ്ച് വീതം ടി20 മത്സരങ്ങളടങ്ങിയ പരമ്പരകള്‍ കളിക്കുന്നത്.

 

Top