വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഓസ്ട്രേലിയക്ക് 221 റണ്‍സ് വിജയക്ഷ്യം

പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഓസ്ട്രേലിയക്ക് 221 റണ്‍സ് വിജയക്ഷ്യം. പെര്‍ത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ വീന്‍ഡീസിന് ആന്ദ്രേ റസ്സല്‍ (29 പന്തില്‍ 71), ഷെഫാനെ റുതര്‍ഫോര്‍ഡ് (40 പന്തില്‍ പുറത്താവാതെ 67) എന്നിവരുടെ ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഓസീസിന് വേണ്ടി സേവ്യര്‍ ബാര്‍ലെറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍ ആഡം സാംപ നാല് ഓവറില്‍ 65 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസീസ് മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

പിന്നീടായിരുന്നു വിന്‍ഡീസിനെ രക്ഷിച്ച കൂട്ടുകെട്ട്. റുതര്‍ഫോര്‍ഡ് – റസ്സല്‍ സഖ്യം 139 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. സാംപയെറിഞ്ഞ മത്സരത്തിലെ 19-ാം ഓവറില്‍ 28 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. ഇതില്‍ നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടും. 29 ന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ ഏഴ് സിക്സും നാല് ഫോറും നേടി. റുതര്‍ഫോര്‍ഡിന്റെ അക്കൗണ്ടില്‍ അഞ്ച് വീതം സിക്സും ഫോറുമുണ്ടായിരുന്നു. റൊമാരിയോ ഷെഫോര്‍ഡ് (2) പുറത്താവാതെ നിന്നു.

തകര്‍ച്ചയോടെയാണ് വിന്‍ഡീസ് തുടങ്ങിയത്. 2.5 ഓവറില്‍ സന്ദര്‍ശകര്‍ മൂന്നിന് 17 എന്ന നിലയില്‍ തകര്‍ന്നു. ആദ്യ ഓവറില്‍ തന്നെ ജോണ്‍സണ്‍ ചാര്‍ലസിനെ (4) സേവ്യര്‍ മടക്കി. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നിക്കോളാസ് പുരാനും (1) പവലിയനില്‍ തിരിച്ചെത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ കെയ്ല്‍ മയേഴ്സും (11) വീണു. തുടര്‍ന്ന് റോസ്റ്റണ്‍ ചേസ് (37) – റോവ്മാന്‍ പവല്‍ (21) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്ത് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇരുവരും മടങ്ങി. ചേസിനെ സാംപ ബൗള്‍ഡാക്കി. പവലാവട്ടെ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് വിക്കറ്റ് നല്‍കി. ഇതോടെ അഞ്ചിന് 79 എന്ന നിലയിലായി വിന്‍ഡീസ്.

Top