കാൻബറ: ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് കഠിന പിഴയും തടവും ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ സർക്കാരിന്‍റെ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. കൊവിഡിന്‍റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണിതെന്നും രാജ്യത്തെ ക്വാറന്‍റൈൻ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും സ്‌കോട്ട് മോറിസൺ പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ഓസ്ട്രേലിയയിൽ വിലക്ക് ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ 14 ദിവസം താമസിച്ചിട്ട് മടങ്ങാൻ ശ്രമിക്കുന്നവർക്ക് അഞ്ച് വർഷം തടവോ 66000 ഓസ്ട്രേലിയൻ ഡോളർ പിഴയോ ആണ് സർക്കാർ ഈയിടക്ക് ഏർപ്പെടുത്തിയത്.
ഓസ്ട്രേലിയക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം കൊടുത്തു കൊണ്ടുള്ള തീരുമാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും, ഇതൊരു താൽക്കാലിക നിരോധനം മാത്രമാണെന്നും ചീഫ് മെഡിക്കൽ ഓഫിസറുടെ വ്യക്തമായ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും മോറിസൺ 2GB റേഡിയോയോട് വ്യക്തമാക്കി.
അതേസമയം, സർക്കാരിന്‍റെ നടപടിയെ വിമർശിച്ച പ്രതിപക്ഷ നേതാവ് ആന്‍റണി അൽബനീസ് പൗരന്മാരോട് സർക്കാരിന് ബാധ്യത ഉണ്ടെന്നും ജയിൽ ശിക്ഷ ഏർപ്പെടുത്താനുള്ള തീരുമാനം അപക്വമാണെന്ന് പറഞ്ഞു.