ഡല്‍ഹി: ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരാന്‍ ഓസ്‌ട്രേലിയ ഇന്നിറങ്ങും. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അട്ടിമറി വീരന്മാരായ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍. രണ്ട് മത്സരങ്ങളില്‍ പരാജയത്തോടെ തുടങ്ങിയ ഓസ്‌ട്രേലിയ രണ്ട് മത്സരങ്ങള്‍ വിജയിച്ച് കരുത്തോടെ തിരിച്ചുവന്നു. ലോകകപ്പിന് എണ്ണം തികയ്ക്കാന്‍ വന്നതല്ലെന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് അറിയിച്ചുകഴിഞ്ഞു. റണ്‍ ഒഴുകുന്ന ഡല്‍ഹിയിലെ പിച്ചില്‍ വാര്‍ണറും മാര്‍ഷും സ്‌കോട്ട് എഡ്വേഡ്‌സുമൊക്കെ അടിച്ചുതകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ശക്തരായ എതിരാളികള്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയപ്പോഴും ആത്മവിശ്വാസം കൈവിടാതെ പോരാടുന്നതാണ് നെതര്‍ലന്‍ഡ്‌സിന്റെ കഴിവ്. ശ്രീലങ്കയ്‌ക്കെതിരെ ആറിന് 91 എന്ന നിലയില്‍ നിന്നും നെതര്‍ലന്‍ഡ്‌സ് സ്‌കോര്‍ 262ലേക്ക് ഉയര്‍ന്നു. 82 റണ്‍സില്‍ അഞ്ച് വിക്കറ്റ് വീണ ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡച്ച് പട എട്ടിന് 245ല്‍ എത്തിയത്. പഴയ പ്രതാപം ഇല്ലാത്ത ഓസ്‌ട്രേലിയയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണാം.
ബെംഗളൂരുവില്‍ പാകിസ്ഥാനെതിരെ ഓസീസ് ഓപ്പണറുമാര്‍ തകര്‍പ്പന്‍ സെഞ്ചുറികള്‍ നേടി. ട്രാവിസ് ഹെഡ് കൂടി എത്തുമ്പോള്‍ ഓസീസ് കൂടുതല്‍ കരുത്താര്‍ജിക്കും. ഹെഡ് വരുമ്പോള്‍ മാര്‍നസ് ലബുഷെയ്ന്‍ പുറത്തിരുന്നേക്കും. സ്റ്റീവ് സ്മിത്തിന്റെ മോശം പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് വലിയ തലവേദനയാകുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സ്മിത്തിന് കഴിഞ്ഞിട്ടില്ല.