വനിതാ ടി 20: ഇന്ത്യക്കെതിരായ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ജയം, പരമ്പര

മുംബൈ : ആദ്യ കളിയിലെ ആധികാരിക ജയത്തിന് ശേഷം പിന്നീടുള്ള രണ്ട് കളികളും തോറ്റ് ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പര കൈവിട്ട് ഇന്ത്യന്‍ വനിതകള്‍. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയന്‍ വനിതകള്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിയിരിക്കേ മറികടന്നു. സ്‌കോര്‍: ഇന്ത്യ-147-ല്‍ ആറ് (20 ഓവര്‍), ഓസ്‌ട്രേലിയ-149-ല്‍ മൂന്ന് (18.4 ഓവര്‍). ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പര ഓസ്‌ട്രേലിയക്ക് സ്വന്തം (2-1).

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ അലിസ്സ ഹീലി മുന്നില്‍നിന്ന് നയിച്ചു (38 പന്തില്‍ 55 റണ്‍സ്). ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു ഇത്. ടീം സ്‌കോര്‍ 85-ല്‍ നില്‍ക്കേ, ദീപ്തി ശര്‍മ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ദീപ്തി മൂണി (45 പന്തില്‍ 52), ഫോബെ ലിച്ച്ഫീല്‍ഡ് (13 പന്തില്‍ 17) എന്നിവര്‍ പുറത്താകാതെ നിന്നു. തഹ്ലിയ മഗ്രാത്ത് (15 പന്തില്‍ 20), എലിസ് പെരി (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഇരുവരെയും പൂജ വസ്ത്രകാറാണ് മടക്കിയത്.

ടോസ് നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ ഇന്നിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (28 പന്തില്‍ 34) ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഷഫാലി വര്‍മ (17 പന്തില്‍ 26), സ്മൃതി മന്ദാന (28 പന്തില്‍ 29) ഒഴികെ ആരും 20-ന് മുകളില്‍ സ്‌കോര്‍ ചെയ്തവരില്ല. ജെമീമ റോഡ്രിഗസ് (2), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (3), ദീപ്തി ശര്‍മ (14), അമന്‍ജോത് കൗര്‍ (17*), പൂജ വസ്ത്രകാര്‍ (7*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ഓസ്‌ട്രേലിയക്കുവേണ്ടി അന്നാബെല്‍ സതര്‍ലന്‍ഡ്, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. ആഷ്‌ലി ഗാര്‍ഡ്‌നറും മേഗന്‍ സ്‌കട്ടും ഓരോന്നുവീതം വിക്കറ്റും നേടി.

മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമും ഓരോന്ന് വീതം ജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിലെ വിജയിക്കുന്ന ടീം പരമ്പര നേടും.

ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയം നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒപ്പമെത്തി. നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട് അക്കാദമിയിലാണ് മത്സരം.

Top