പുണെ: ലോകകപ്പ് ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ. വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്‍പതില്‍ ഏഴ് മത്സരങ്ങളിലും വിജയിക്കാന്‍ ടീമിന് സാധിച്ചു. ബംഗ്ലാദേശ് ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം വെറും 44.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ വിജയശില്‍പ്പി.
ടീമിന്റെ ലോകകപ്പിലെ തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണിത്. മറുവശത്ത് ബംഗ്ലാദേശ് ഒന്‍പതില്‍ ഏഴിലും തോറ്റ് എട്ടാം സ്ഥാനത്ത് ടൂര്‍ണമെന്റ് അവസാനിപ്പിച്ചു.
307 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (10) പെട്ടെന്ന് നഷ്ടമായി. എന്നാല്‍ പിന്നാലെ ക്രീസിലൊന്നിച്ച ഡേവിഡ് വാര്‍ണറും, മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ അനായാസം ടീം സ്‌കോര്‍ 132-ല്‍ എത്തിച്ചു. എന്നാല്‍ 53 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനെ സാക്ഷിയാക്കി സെഞ്ചുറി നേടിയ മാര്‍ഷ് പിന്നീട് അടിച്ചുതകര്‍ത്തു. ഒടുവില്‍ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. താരം 132 പന്തുകളില്‍ നിന്ന് 17 ഫോറിന്റെയും ഒന്‍പത് സിക്സിന്റെയും സഹായത്തോടെ 177 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. സ്മിത്ത് 64 പന്തില്‍ 63 റണ്‍സെടുത്ത് അപരാജിതനായി നിന്നു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദും മുസ്താഫിസുര്‍ റഹ്‌മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 74 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ടീം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. ബാറ്റിങ് നിരയിലെ ആദ്യ ഏഴ് താരങ്ങളും ഫോമില്‍ കളിച്ചു എന്നതാണ് ബംഗ്ലാദേശിന്റെ പ്രത്യേക. ഹൃദോയ്ക്ക് പുറമേ തന്‍സിന്‍ ഹസ്സന്‍ (36), ലിട്ടണ്‍ ദാസ് (36), നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ (45), മഹ്‌മുദുള്ള (32), മുഷ്ഫിഖുര്‍ റഹീം (21), മെഹ്ദി ഹസ്സന്‍ (29) എന്നിവര്‍ നന്നായി കളിച്ചു. ഷാക്കിബ് അല്‍ ഹസ്സന്റെ അഭാവത്തില്‍ ഷാന്റോയാണ് ടീമിനെ നയിച്ചത്. ഓസീസിനായി ഷോണ്‍ അബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റ് സ്വന്തമാക്കി.