ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; ഇന്ത്യക്കെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ജയം

ദോഹ : ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്കെതിരേ കരുത്തരായ ഓസ്‌ട്രേലിയക്ക് രണ്ട് ഗോള്‍ ജയം. രണ്ടാം പകുതിയില്‍ ഇന്ത്യക്ക് കാലിടറിയതോടെയാണ് ഓസ്‌ട്രേലിയക്ക് ജയം സാധ്യമായത്. ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് അടുത്ത പകുതിയില്‍ അതാവര്‍ത്തിക്കാനായില്ല. രണ്ടാം പകുതിയിലാണ് ഓസ്‌ട്രേലിയയുടെ രണ്ട് ഗോളുകളും പിറന്നത്.

50-ാം മിനിറ്റില്‍ ജാക്‌സണ്‍ ഇര്‍വിനാണ് ഓസ്‌ട്രേലിയക്കായി ആദ്യ ഗോള്‍ കണ്ടെത്തിയത്. വലതു വിങ്ങില്‍നിന്നുവന്ന ക്രോസ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇര്‍വിന്റെ കാലില്‍. മനോഹരമായ ഇടങ്കാല്‍ ഷോട്ടിലൂടെ രണ്ട് ഇന്ത്യന്‍ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി.

73-ാം മിനിറ്റില്‍ ജോര്‍ദാന്‍ ബൊസിന്റെ വകയായിരുന്നു ഓസ്‌ട്രേലിയക്കായുള്ള അടുത്ത ഗോള്‍. 72-ാം മിനിറ്റില്‍ ബ്രൂണോ ഫര്‍ണറോളിക്ക് പകരക്കാരനായാണ് ജോര്‍ദാന്‍ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചില്‍ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങില്‍നിന്ന്‌ റിലീ മഗ്രി നല്‍കിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോര്‍ദാനുണ്ടായിരുന്നുള്ളൂ. സ്‌കോര്‍ ഓസ്‌ട്രേലിയ 2-0 ഇന്ത്യ.

ഒന്നാം പകുതിയില്‍ വളരെ സമര്‍ഥമായിത്തന്നെ ഓസ്‌ട്രേലിയയെ ഇന്ത്യ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യന്‍ പ്രതിരോധത്തെ ഒരു ഘട്ടത്തിലും ഓസ്‌ട്രേലിയക്ക് മറികടക്കാനായില്ല. പ്രതിരോധനിരയ്‌ക്കൊപ്പം മധ്യനിരകൂടി ഉണര്‍ന്നുകളിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള ഓസ്‌ട്രേലിയ ഒന്നു വിയര്‍ത്തു.

ഫലത്തില്‍ ഒരു ഗോളുമില്ലാതെ ഒന്നാംപകുതി പിരിഞ്ഞു. ഇതിനിടയില്‍ ക്ലോസ് റേഞ്ചില്‍നിന്നുള്ള ഒരു ഹെഡര്‍ സുനില്‍ ഛേത്രി പാഴാക്കി. ഇതില്ലായിരുന്നെങ്കില്‍ ഒന്നാം പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തുമായിരുന്നു. രണ്ടാംപകുതിയില്‍ പക്ഷേ, ഇന്ത്യക്ക് മികവ് ആവര്‍ത്തിക്കാനായില്ല. ഇതോടെ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

Top