ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 പരമ്പര, ഓസ്ട്രേലിയക്ക് എട്ടു വിക്കറ്റ് ജയം

ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഓസീസിന് അനായസ ജയം.

എട്ടു വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 119 റണ്‍സ് വിജയ ലക്ഷ്യം ഓസീസ് 15.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

അര്‍ധ സെഞ്ചുറി കുറിച്ച മോയിസ് ഹെന്‍ട്രിക്കും (62) ട്രാവിസ് ഹെഡുമാണ് (48) ഓസീസ് വിജയ ശില്‍പ്പികള്‍. ഇരുവരും പുറത്താകാതെ നിന്നു.

ഇന്ത്യയുടെ കുഞ്ഞന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയ തുടക്കത്തില്‍ പതറിയെങ്കിലും ഹെന്‍ട്രിക്കും ട്രാവിസും ഒന്നിച്ചതോടെ ടോപ് ഗിയറിലായി.

13 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ ഇന്ത്യ തുടക്കത്തില്‍ സമ്മര്‍ദത്തിലാക്കിയെങ്കിലും ഹെന്‍ട്രിക്കും ട്രാവിസും മത്സരം തട്ടിയെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 118 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവ് (27), എം.എസ് ധോണി (13), ഹാര്‍ദിക് പാണ്ഡ്യ (25), കുല്‍ദീപ് യാദവ് (16) എന്നിവര്‍മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍മാരടക്കം മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ 24 ന് നാല് എന്ന നിലയില്‍ തകര്‍ന്നു.

കേദാറും പാണ്ഡ്യയും അല്‍പം ക്ഷമകാണിച്ച് ക്രീസില്‍ നില്‍ക്കാന്‍ ശ്രമിച്ചതാണ് ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കാന്‍ കാരണമായത്. ജാസണ്‍ ബഹ്റെന്‍ഡോര്‍ഫാണ് നാലു വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകര്‍ത്തത്. ആദം സാമ്പ രണ്ടു വിക്കറ്റും വീഴ്ത്തി.

Top