മിസൈൽ സാങ്കേതികവിദ്യ വിൽക്കാൻ ശ്രമം; ഉത്തരകൊറിയൻ ഏജന്റ് ഓസ്‌ട്രേലിയയില്‍ പിടിയിൽ

സിഡ്‌നി : ആണവായുധ പരീക്ഷണങ്ങളുടെ പേരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ വെല്ലുവിളിയുയര്‍ത്തുന്ന ഉത്തരകൊറിയ, മിസൈല്‍ സാങ്കേതികവിദ്യയും മിസൈല്‍ ഭാഗങ്ങളും വില്‍ക്കാന്‍ ശ്രമിക്കുന്നതായി സൂചന.

മിസൈല്‍ സാങ്കേതികവിദ്യ വില്‍ക്കാനുള്ള ശ്രമത്തിനിടെ ഉത്തരകൊറിയന്‍ പൗരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

ഐക്യരാഷ്ട്ര സംഘടനയും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ നേരിടുന്ന കടുത്ത സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് അവരുടെ ശ്രമം.

കൊറിയന്‍ വംശജനായ ചാന്‍ ഹാന്‍ ചോയി എന്ന ഓസ്‌ട്രേലിയക്കാരനാണ് മിസൈല്‍ സാങ്കേതികവിദ്യ വില്‍ക്കാനുള്ള ശ്രമത്തിനിടെ സിഡ്‌നിയില്‍ അറസ്റ്റിലായത്.

കോടിക്കണക്കിന് രൂപയുടെ ഇടപാടിനാണ് ഇയാള്‍ ശ്രമിച്ചിരുന്നതെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് (എഎഫ്പി) വ്യക്തമാക്കി.

ഇത്തരത്തിലുള്ള ഒരു സംഭവം ഓസ്‌ട്രേലിയയില്‍ ആദ്യമാണെന്നും എഎഫ്പി അസിസ്റ്റന്റ് കമ്മിഷണര്‍ നീല്‍ ഗൗഗാന്‍ വെളിപ്പെടുത്തി.

ചാന്‍ ഹാന്‍ ചോയി ഉന്നത ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി നിരസിച്ചു. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന ആറു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്.

ബാലിസ്റ്റിക് നിര്‍മാണ യൂണിറ്റും അനുബന്ധ ഉപകരങ്ങളും സാങ്കേതികവിദ്യയും വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം, എന്നാല്‍ ആര്‍ക്കാണ് ഇതു വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

അതീവപ്രാധാന്യമുള്ളതാണ് ഇയാളുടെ അറസ്റ്റെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ സിഡ്‌നിയില്‍ പറഞ്ഞു.

മേഖലയിലെ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്ന അരാജക രാജ്യമാണ് ഉത്തരകൊറിയയെന്നും യുഎന്‍ ഉപരോധങ്ങളെ സ്വന്തം നിലയ്ക്കു മറികടക്കാനുള്ള ശ്രമത്തിലാണവരെന്നും ടേണ്‍ബുള്‍ ചൂണ്ടിക്കാട്ടി.

Top