ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റിന് ഇന്ന് 52-ാം ജന്മദിനം

സ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന് ഇന്ന് 52-ാം ജന്മദിനം. ലോകക്രിക്കറ്റിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് ബാറ്റര്‍മാരിലൊരാളാണ് ഗില്‍ക്രിസ്റ്റ്. ഇടം കൈയ്യന്‍ ബാറ്ററുടെയും വിക്കറ്റ് കീപ്പറുടെയും റോളില്‍ ഒരു കാലഘട്ടമത്രയും തിളങ്ങിനിന്നു. ഗില്ലി എന്ന ചുരുക്കപേരിലും അറിയപ്പെടുന്ന ഗില്‍ക്രിസ്റ്റ് ലോകത്തെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ ഉണ്ടാകും. 96 ടെസ്റ്റുകളിലും 287 ഏകദിനങ്ങളിലും 13 ട്വന്റി 20യിലും ഗില്‍ക്രിസ്റ്റ് കളിച്ചിട്ടുണ്ട്. 2000 മുതല്‍ 2008ല്‍ വിരമിക്കുന്നത് വരെ ഓസ്ട്രേലിയന്‍ ടീമിന്റെ ഉപനായക സ്ഥാനം ഗില്‍ക്രിസ്റ്റില്‍ ഭദ്രമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ സ്വപ്നതുല്യമായ അരങ്ങേറ്റമായിരുന്നു ഗില്‍ക്രിസ്റ്റിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 81 റണ്‍സെടുത്തു. ഏകദിന ക്രിക്കറ്റിന് സമാനമായി ടെസ്റ്റിലും ആക്രമണ ബാറ്റിംഗായിരുന്നു ഗില്‍ക്രിസ്റ്റ് പുറത്തെടുത്തത്. ശക്തമായ ഓസ്ട്രേലിയന്‍ നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ബാറ്റിംഗ്. രണ്ടാം ടെസ്റ്റില്‍ പാകിസ്താനെതിരെ ഗില്‍ക്രിസ്റ്റ് 149 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ജസ്റ്റിന്‍ ലാംഗറിനൊപ്പം 238 റണ്‍സ് ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.ഒരു ബാറ്റര്‍ക്കുമപ്പുറം ഏക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറുമാണ് ഗില്‍ക്രിസ്റ്റ്. കരിയറിലാകെ 888 വിക്കറ്റുകള്‍ ഗില്‍ക്രിസ്റ്റിന്റെ ?ഗ്ലൗവിലേക്ക് എത്തി. 2008ല്‍ അന്തരാഷ്ട്ര ക്രിക്കറ്റിനോട് ഗില്‍ക്രിസ്റ്റ് വിടപറഞ്ഞു. 1999, 2003, 2007 ലോകകപ്പിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയന്‍ ടീമില്‍ ഗില്‍ക്രിസ്റ്റ് അം?ഗമായിരുന്നു. പിന്നീട് ഐപിഎല്ലില്‍ ഓസ്ട്രേലിയന്‍ താരം സജീവമായി. പ്രഥമ സീസണില്‍ ഐപിഎല്ലില്‍ അവസാന സ്ഥാനക്കാരായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സ് ഹൈദരാബാദിനെ രണ്ടാം സീസണില്‍ ചാമ്പ്യന്മാരാക്കി. ഗില്‍ക്രിസ്റ്റിലെ നായകനെ ലോകം അറിഞ്ഞത് യഥാര്‍ത്ഥത്തില്‍ ഐപിഎല്ലിലൂടെ ആയിരുന്നു. 2013ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായി ഗില്‍ക്രിസ്റ്റ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചു.

അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമാണ് ഗില്‍ക്രിസ്റ്റിന് ഓസ്ട്രേലിയന്‍ നായകനാകാന്‍ അവസരം ലഭിച്ചത്. ഇന്ത്യയില്‍ 35 വര്‍ഷത്തിന് ശേഷം ടെസ്റ്റ് പരമ്പര നേടാനായത് ഗില്‍ക്രിസ്റ്റിലെ നായകന്റെ നേട്ടമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം നമ്പറിലെത്തിയാണ് ഗില്‍ക്രിസ്റ്റ് വെടിക്കെട്ട് നടത്തുന്നതെങ്കില്‍ ഏകദിന ക്രിക്കറ്റില്‍ ആദ്യ പന്ത് മുതല്‍ ഗില്ലിയുടെ ബാറ്റ് എതിരാളികളെ ബൗണ്ടറിയിലേക്ക് പായിക്കും. 2007ലെ ലോകകപ്പില്‍ ഗില്‍ക്രിസ്റ്റ് നേടിയ 149 റണ്‍സ് ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ബാറ്റില്‍ നല്ല പിടുത്തം കിട്ടാന്‍ സ്‌ക്വാഷ് ബോള്‍ ഗ്ലൗസിനുള്ളില്‍ വെച്ചായിരുന്നു ഓസീസ് ഓപ്പണര്‍ വെടിക്കെട്ട് നടത്തിയത്.

 

Top