കാന്‍ബറ: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ രഹസ്യ ഫയലുകള്‍ ആക്രിക്കടയില്‍ കണ്ടെത്താനുണ്ടായ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അധികൃതരുടെ ഉത്തരവ്. അതീവ രഹസ്യത്തിലുള്ള ആയിരക്കണക്കിന് ഫയലുകള്‍ തുച്ഛവിലയ്ക്കാണ് തൂക്കിവിറ്റത്.
താക്കോല്‍ നഷ്ടപ്പെട്ടതുമൂലം ഫയലുകള്‍ സൂക്ഷിച്ചിരുന്ന അലമാര തുറക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആക്രിക്കടക്കാരന് വില്‍ക്കുകയായിരുന്നു. വാങ്ങിയ വ്യക്തി അലമാര തല്ലിപൊളിച്ചപ്പോഴാണ് രഹസ്യ ഫയലുകള്‍ കണ്ടെത്തിയത്. പ്രധാനപ്പെട്ട ചില ഫയലുകള്‍ എബിസി ന്യൂസിന് ലഭിച്ചിട്ടുണ്ട്.
ഭീകര വിരുദ്ധ നടപടികള്‍, മിസൈല്‍ പദ്ധതികള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഫയലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഓസീസ് കാബിനറ്റ് രേഖകള്‍ 20 വര്‍ഷം രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. ഈ അവസ്ഥയിലാണ് വിലപ്പെട്ട രേഖകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയത്. നാല് പ്രധാന മന്ത്രിമാരുടെ ഭരണകാലത്തുള്ള രേഖകളാണ് ഇവയില്‍ ഉള്‍പ്പെടുന്നത്.